ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ സായുധവിഭാഗം തലവൻ മുഹമ്മദ് ഒദേയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ചൊവ്വാഴ്ച ഗാസ സിറ്റിയിലെ ഇയാളുടെ അപ്പാർട്ട്മെന്റിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഒദേയുടെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു പുറമേ മറ്റു മൂന്നു പേർകൂടി കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്നാണു ഗാസ ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്.
നഗരമധ്യത്തിൽ തിരക്കേറിയ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലെ മൂന്നു നിലകളിൽ ഒരേ സമയം വിവിധ ദിശകളിൽനിന്ന് അഞ്ചു മിസൈലുകൾ പതിച്ചുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ബ്രകീദിനോടനുബന്ധിച്ച് മാർക്കറ്റിൽ ധാരാളം പേരുണ്ടായിരുന്നു.
2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ഒദേയെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
ഒദേ ഒളിച്ചുകഴിഞ്ഞ കെട്ടിടങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഭീകരാക്രമണത്തിൽ പങ്കെടുത്തയാളും ഒദേയുടെ അനുയായിയുമായ മറ്റൊരാളുടെ താമസസ്ഥലവും ആക്രമണത്തിൽ നശിച്ചു.
ഒദേയുടെ മുൻഗാമിയായ ഇസ് അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രേലി സേന ഈ മാസം 15ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. അതേസമയം, ഇയാളുടെ പിൻഗാമിയായി ഒദേ നിയമിക്കപ്പെട്ടുവെന്നു സ്ഥിരീകരിക്കാൻ ഹമാസ് തയാറായിട്ടില്ല.